സഖാവ് ഇ കെ നയനാർ

 ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണദിനമാണ് ഇന്ന്. 18 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരുപോലെ ജനങ്ങളുടെ മനസ്സിൽ സ്‌നേഹത്തോടെ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു പ്രാവശ്യമായി എൽഡിഎഫ് ഭരണത്തെ നയിച്ചു. ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാർക്കു മുന്നിൽ ശത്രുവർഗം മൈനുകൾ വിതറുമെന്നും അത്തരം കുഴിബോംബുകളെ മറികടന്ന് മുന്നോട്ടുപോകാൻ നിതാന്തശ്രദ്ധ വേണമെന്നും അദ്ദേഹം സദാ ഓർമപ്പെടുത്തുമായിരുന്നു.

മൂന്നാംതവണ മുഖ്യമന്ത്രിയായശേഷം തലശേരിയിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിൽ എത്തിയത്. അന്ന് നായനാരെ തോൽപ്പിക്കാൻ ശത്രുപക്ഷം ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. പ്രചാരണം കഴിഞ്ഞ് തിരുവനന്തപുരത്ത്‌ എത്തിയ നായനാർ ഓഫീസിൽ ആലോചനാമഗ്നനായി ഇരിക്കുന്നതുകണ്ട് ഓഫീസിലെ ഒരാൾ ചോദിച്ചു: ‘തെരഞ്ഞെടുപ്പിൽ നമുക്ക് വല്ല വിഷമവും വരുമോ?' നായനാർ സ്വതഃസിദ്ധമായി തന്നെ പ്രതികരിച്ചു: ‘നിനക്കെന്താ വട്ടുണ്ടോ. നമ്മൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. പക്ഷേ, എന്നെ അലട്ടുന്ന ഒരു കാര്യമുണ്ട്. ജനങ്ങൾക്ക് നമ്മളോട് എത്രമാത്രം സ്‌നേഹമാണ്. അവർ നമ്മുടെ ഭരണത്തിൽനിന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അവരെ സഹായിക്കാൻ എത്രത്തോളം കഴിയും. അതാണ് എന്റെ മനസ്സിലെ ചിന്ത'.


കമ്യൂണിസ്റ്റ് ഭരണാധികാരികൾ നാടിനും ജനങ്ങൾക്കുംവേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ്. അത് അടിവരയിടുന്നതാണ് ഈ അനുഭവം. തലശേരിയിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് നായനാർ ജയിച്ചത്. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി. തോട്ടിപ്പണി അവസാനിപ്പിച്ചു. സാക്ഷരതാ യജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം തുടങ്ങിയതെല്ലാം നായനാർ ഭരണകാലത്തേതാണ്. കുടുംബശ്രീയെന്ന ബൃഹദ് പ്രസ്ഥാനം ആരംഭിച്ചത് ആ സർക്കാരാണ്. കുടുംബശ്രീയുടെ രജത ജൂബിലി വേളയിൽ നായനാർ സ്‌മരണയ്ക്ക് അതുകൊണ്ടുതന്നെ സവിശേഷ പ്രാധാന്യമുണ്ട്.


കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിതവിഭാഗങ്ങളോടുള്ള കൂറായിരുന്നു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര.


അസുഖബാധിതനായി തിരുവനന്തപുരം എ കെ ജി ക്വാർട്ടേഴ്‌സിൽനിന്ന് ഡൽഹിയിലേക്ക് ചികിത്സയ്ക്ക് പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ച് നിൽപ്പുണ്ട്. ‘ഓൾ റൈറ്റ്! താങ്ക് യു, താങ്ക് യു ഓൾ!' എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്. നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം  ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം


മൊറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന് ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. 


1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. മൊറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി...

കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

ത്യാഗോജ്വലമായ സമര-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന്‌ എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട്‌ പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ‘ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതൽ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

ജനങ്ങൾ സ്‌നേഹിച്ച, ജനങ്ങളെ സ്‌നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്‌ജലി.

(Copy)


എനിക്ക് ആദിനം ഓർമയുണ്ട്. ഓർമ്മകൾ എഴുതുക തന്നെ ചെയ്യും.. സമയം ഒത്തിരി ആയി..

നെഞ്ചിലെ ഓർമകളിൽ ഒരു പിടി ഗുൽമോഹർ പൂക്കളും ഇ കെ നയനാർ സഖാവും..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ