ആദ്യ പ്രണയത്തിന്റെ അവസാന നിമിഷം.

 ശരിക്കും അത് എന്റെ ആദ്യ പ്രണയം ആയിരുന്നു. കൗമാര പ്രണയം. വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാനത് ഓർമിക്കുവാൻ കാരണം എന്താണ് എന്നല്ലേ... രാവിലെ ബിഗ് എഫ് എം ൽ 'പറയാതെ അറിയാതെ നീ പോയതല്ലേ..' എന്ന പാട്ട് കേട്ടപ്പോൾ ഓർമ്മകൾ എന്നെ പണ്ടത്തെ കൗമാരക്കാരിയാക്കി..

വേളാവൂർ തൂക്കത്തിനു ചേച്ചിമാരും ഒത്തു പോകുമ്പോ എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അയാൾ അവിടെ ഉണ്ടാകും എന്ന്.. അതിനു മുൻപ് ഒരു തൂക്കത്തിനു അയാൾ അവിടെ പോയിട്ടുള്ളതായി ഞാൻ അറിഞ്ഞിരുന്നു. അതായിരുന്നു അമ്പലത്തിൽ പോകാനുള്ള എന്റെ പ്രചോദനം.

പ്രതീക്ഷിച്ചതു പോലെ തന്നെ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അയാളെ കണ്ടു. എന്റെ പ്രണയത്തെ അയാൾക്ക് അറിയില്ല. അതുകൊണ്ട് തന്നെ എന്നെയും അയാൾക്ക് അറിയില്ല. പക്ഷേ എനിക്ക് അയാളെ അറിയാം. ഞാൻ അയാളെ പ്രതീക്ഷിച്ചു.

അയാളെ ഞാൻ ഒരു നോട്ടം കണ്ടുള്ളു. പിന്നെ തിരക്കുകൾക്ക് ഇടയിലേയ്ക്ക് അയാൾ മറഞ്ഞു. ഇരുൾ പരക്കുന്ന സന്ധ്യയിൽ ഞാൻ ആ ആൾക്കൂട്ടത്തിൽ അയാളെ തിരഞ്ഞു. കാണാൻ കഴിയാത്തത്തിൽ മനസ്സ് നീറി.

വീട്ടിലേയ്ക്ക് പോകാൻ സമയമായി.. ഞാൻ അയാളെ തിരഞ്ഞു കൊണ്ടേ ഇരുന്നു.  അമ്പലത്തിന്റെ വഴിയിൽ നിന്നും തിരിയുന്ന നേരത്ത് മൈക്കിലൂടെ "പറയാതെ അറിയാതെ നീ പോയതല്ലേ.." ഒഴുകുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കണമെന്ന് തോന്നി. അപ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ അയാൾ നിൽക്കുന്നത് ഞാൻ കണ്ടു.

അയാൾ എന്നെ നോക്കിയില്ല. എനിക്ക് സന്തോഷം തോന്നി. പിന്നെ കരച്ചിലും. വർഷങ്ങൾക്ക് ശേഷം പലപ്പോഴും അയാളെ ഞാൻ കണ്ടു. അന്ന് മനസ്സിൽ തോന്നിയ വികാരപ്രളയം പിന്നീട് ഒരിക്കലും അയാളെ കാണുമ്പോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ആ കൗമാരക്കാരിയും പ്രണയവും എന്നെ ഒരു നിമിഷത്തേക്ക് പിന്നിലേക്ക് വിളിക്കാറുണ്ട്..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ